Monday, April 17, 2017

താജുദ്ധീന്‍

കളിയും കളരിയും കരാട്ടെയും ജിമ്മും  തുടങ്ങിയ ആയോധന മുറകള്‍ കേവലം കായികാഭ്യാസമെന്നതിലുപരി ഒരു ഭ്രമമായി മനസ്സില്‍ സൂക്ഷിക്കുന്ന സ്ഥിരോത്സാഹിയാണ്‌ നാലകത്ത്‌ വടക്കന്റെകായില്‍ താജുദ്ധീന്‍.കായിക തിരുനെല്ലൂരിന്റെ എഴുപതുകളുടെ ഒടുക്കം മുതലുള്ള അടക്ക അനക്കങ്ങള്‍ മനപ്പാഠമെന്നോണം കണ്ണും ചിമ്മിപ്പറയുന്ന മറ്റൊരാള്‍ തിരുനെല്ലൂര്‍ ഗ്രാമത്തിലുണ്ടാകില്ല.കളിക്കളത്തില്‍ അധികമൊന്നും പരീക്ഷിച്ചിട്ടും പയറ്റിയിട്ടുമില്ലെങ്കിലും അണിയറയില്‍ സജീവമായിരുന്നു. 

കായിക വിനോദങ്ങളിലെ ഈ കമ്പക്കാരന്‍ മെയ്‌വ്ഴക്കമുള്ള കളരി അഭ്യാസിയും വിനയാന്വിതനായ  ബ്ലാക് ബല്‍‌റ്റുകാരനുമാണ്‌.പ്രസിദ്ധരായ പല ഗുരുക്കളുടെ ശിഷ്യത്വവും വരിച്ചിട്ടുണ്ട്.നാട്ടുകാരനായ തട്ടു പറമ്പില്‍ ഖാദര്‍ സാഹിബിന്റെ ശിഷ്യത്വത്തിലായിരുന്നു തുടക്കം.ഇബ്രാഹീം വടക്കന്റെകായിലിന്റെയും ഇബ്രാഹീം പുവ്വത്തുരിന്റെയും തിക്കൊടി ഗുരുക്കളുടേയും ശിഷ്യത്വത്തിലാണ്‌ കളരി അഭ്യസിച്ച്ത്‌. 

കളിയിലും കാര്യത്തിലും ഉറ്റസഹചാരിയായിരുന്ന ആത്മമിത്രം കൂടത്തെ അബ്‌ദുല്‍ മജീദിനൊപ്പം ജിമ്മിലും വ്യത്യസ്‌ത ക്ലാസ്സുകളില്‍ പങ്കെടുത്തിട്ടുണ്ട്‌.

സലാം തൊയക്കാവ്‌ അനില്‍ കുമാര്‍ കണ്ടശ്ശാങ്കടവ്‌ എന്നീ ഗുരുനാഥന്മാരുടെ ശിഷ്യത്വത്തിലായിരുന്നു കരാട്ടെ അഭ്യാസത്തിന്റെ പ്രാരം‌ഭം.
1985 ല്‍ പ്രവാസിയായി ഖത്തറിലെത്തിയപ്പോഴും കായിക ഭ്രമം കൈവെടിയാന്‍ താജുദ്ധീന്‍ തയ്യാറായില്ല.അങ്ങിനെ കരാട്ടെയിലെ പൂര്‍‌ത്തിയാക്കപ്പെടാത്ത ഭാഗം ദോഹയില്‍ നിന്നും പൂര്‍ത്തിയാക്കാന്‍ ഇദ്ധേഹത്തിന്‌ അനായാസം കഴിഞ്ഞു.നസീര്‍ വാടാനപ്പുള്ളി,ജബ്ബാര്‍ കണ്ണൂര്‍ എന്നീ ബ്ലാക്‌ ബെല്‍‌റ്റ് മാസറ്റര്‍മാരുടെ ശിഷ്യത്വത്തിലായിരുന്നു കരാട്ടെ   പഠനം പൂര്‍ത്തിയാക്കിയതും പട്ടങ്ങള്‍ ഓരോന്നും നേടിയതും. 

തൊണ്ണൂറുകളില്‍ ഖത്തറിലെ ആര്‍‌ട്ട്‌സ്‌ കള്‍ച്ചറല്‍ സെന്ററിലും തുടര്‍‌ന്ന്‌ മലയാളി സമാജത്തിലും ഇടവേളയില്‍ അസ്‌മഖിലും കരാട്ടെ അഭ്യസിപ്പിച്ചിരുന്നു.ഇതു വഴി നൂറുകണക്കിന്‌ വിവിധ ദേശ ഭാഷക്കാരായ ശിഷ്യഗണങ്ങളെ സമ്പാദിക്കാന്‍ ഈ കഠിനാധ്വാനിയ്‌ക്ക്‌ സാധിച്ചു. 

പ്രവാസം വെടിഞ്ഞ്‌ നാട്ടിലെത്തിയാല്‍ ആരോഗ്യമുള്ള പുതു തലമുറയെ രൂപപ്പെടുത്താനുള്ള ആലോജനയിലാണ്‌ ഈ അര്‍പ്പണബോധമുള്ള അഭ്യാസി.

പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവവുള്ളവണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യരെപ്പാരിലയച്ചതീശൻ.എന്ന കവി വാക്യത്തെ അക്ഷരാര്‍ഥത്തില്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ വ്യക്തിത്വത്തിന്റെ വിഭാവനകള്‍ പൂവണിയുമാറാകട്ടെ.നമുക്ക്‌ പ്രാര്‍ഥിക്കാം.

0 comments:

Post a Comment

Note: Only a member of this blog may post a comment.