Tuesday, April 11, 2017

ദഫിന്റെ തിരുനെല്ലുര്‍ പെരുമ

കേരളത്തിലെ വിശ്വാസികളുടെ ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് ദഫ് മുട്ട്. ദഫ് എന്നത് ഒരു പേർ‌ഷ്യൻ പദമാണ്. മരത്തിന്റെ കുറ്റി കുഴിച്ചുണ്ടാക്കി അതിന്റെ ഒരു വശത്ത് കാളത്തോൽ വലിച്ചുകെട്ടി വൃത്താകൃതിയിലാണ് ദഫ് നിർ‌മ്മിക്കുന്നത്. ഇതിന് ഏതാണ്ട് രണ്ടടി വ്യാസവും നാലോ അഞ്ചോ ഇഞ്ച് ഉയരവുമുണ്ടായിരിയ്ക്കും. പാശ്ചാത്യരാജ്യങ്ങളിൽ ആഘോഷവേളകളിൽ ഗാനാലാപനത്തോടൊപ്പം ദഫ് മുട്ടി ചുവടുവെയ്ക്കുന്ന പതിവുണ്ടായിരുന്നു. കേരളത്തിൽ ഇസ്‌ലാം‌ മതത്തിന്റെ പ്രചാരത്തിനു മുമ്പുതന്നെ റോമാക്കാരുടെ ആരാധനാലയങ്ങളിൽ ഈ കല പതിവുണ്ടായിരുന്നത്രേ.

അറബി ബൈത്തുകളോ അറബി-മലയാളസാഹിത്യത്തിലെ ഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ‌ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർ‌ന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ഇത് അവതരിപ്പിയ്ക്കുന്നത്.  പ്രാർ‌ത്ഥനയോടേയാണ് ഇത് ആരംഭിയ്ക്കുന്നത്. പതിഞ്ഞ ശബ്ദത്തോടെ ആരംഭിച്ച് മേളം ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നിങ്ങനെ വളരുന്നു.

ഈ കലാരൂപം റാത്തീബ്, നേർ‌ച്ചകൾ തുടങ്ങിയവയുടെ ഭാഗമായും വിവാഹം പോലെയുള്ള ആഘോഷവേളകളിലും അവതരിപ്പിക്കാറുണ്ട്. നബി(സ) മദീനയിൽ എത്തിയപ്പോൾ അൻസാറുകൾ (മദീനക്കാർ) ദഫ്ഫ് മുട്ടിയായിരുന്നു വരവേറ്റത് എന്ന് ചരിത്രം പറയുന്നു.

അറബനമുട്ട് . "അറബന" എന്ന വാദ്യോപകരണം കൈ കൊണ്ട് മുട്ടിയാണ് കളിക്കുന്നത്. റാത്തിബുകള്‍ക്ക് താളപ്രയോഗത്തിനാണ് അറബന ഉപയോഗിച്ചിരുന്നത്.മരച്ചട്ട കൊണ്ടാണ് അറബന നിര്‍മ്മിക്കുന്നത്.മരച്ചട്ടക്ക് ഒന്നര ചാണെങ്കിലും വിസ്താരമുണ്ടാകണം. അഞ്ച് ഇഞ്ചോളം വീതിയും കാണും. തോലു കൊണ്ടാണ് മരച്ചട്ട പൊതിയുന്നത്. ആട്ടിന്‍തോലോ മൂരിക്കുട്ടന്റെ തോലോ ഇതിന് ഉപയോഗിക്കും. പിത്തളവാറ് കൊണ്ട് കിലുക്കങ്ങളും കെട്ടും. ബൈത്തിന്റെ ഈണത്തിന് അനുസരിച്ച് ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ് കൊണ്ടാണ് കളിക്കുന്നത്.പതിഞ്ഞ ചലനങ്ങളോടെ തുടങ്ങി ക്രമേണ വേഗത കൂട്ടും. കളിയുടെ ഓരോ ഭാഗത്തിനും 'അടക്കം' എന്നു പറയും. ആശാനാണ് ബൈത്ത് ചൊല്ലിക്കൊടുക്കുന്നത്. കളിക്കാര്‍ അത് ഏറ്റുപാടും. കളിക്കാര്‍ കൈത്തണ്ട, മൂക്ക്, തോള്‍ തുടങ്ങിയ ശരീര ഭാഗങ്ങളില്‍ മുട്ടിയും തട്ടിയും ശബ്ദമുണ്ടാക്കും.അഭ്യാസ പ്രകടനത്താല്‍ ഊര്‍ജ്ജസ്വലമാണ് അറബന.

ദഫ്‌ മുട്ടില്‍ വലിയ സം‌ഭാവനകള്‍ നല്‍‌കിയ വ്യക്തിത്വത്തമാണ്‌ നൗഷാദ്‌ ഇബ്രാഹീം. വെന്മേനാട്‌ സ്‌കൂള്‍ തലം മുതല്‍‌ക്ക്‌ തന്നെ നൗഷാദ്‌ പ്രസിദ്ധനാണ്‌.നൗഷാദിനോടൊപ്പം പ്രശോഭിച്ച ഒരു സം‌ഘം തന്നെ തിരുനെല്ലൂരിലുണ്ട്‌.

പരീത്‌ ഉസ്‌താദിന്റെ മകന്‍ ലത്വീഫ്‌ ഉസ്‌താദിന്റെ ശിക്ഷണത്തില്‍ ദഫ്‌ മുട്ടില്‍ അം‌ഗീകരങ്ങള്‍ വാരിക്കൂട്ടിയതിന്റെ സന്തോഷം അനസ്‌ ഉമര്‍ പങ്കു വെച്ചു.വിവിധ വിദ്യാലയങ്ങളില്‍ ദഫ്‌ അഭ്യസിപ്പിച്ചിരുന്നെങ്കിലും തിരുനെല്ലൂരില്‍ 1997 മുതല്‍ എട്ടു വര്‍ഷം ആഹ്‌ളാദ ദായകമായിരുന്നെന്ന്‌ ലത്വീഫ്‌ ഉസ്‌താദ്‌ സുവനീര്‍ ടീമിനോട്‌ പങ്കു വെച്ചു.ചെറിയ വേതനമായിരുന്നെങ്കിലും തിരുനെല്ലൂര്‍ മദ്രസ്സാനുഭവം മറക്കാന്‍ കഴിയില്ല.ഒന്നാമതായി ബാവ ഉസ്‌താദിന്റെ സഹകരണവും സഹവര്‍ത്തിത്വവും ഒപ്പം അനുസരണ ശീലരായ അര്‍പ്പണ ബോധമുള്ള കുട്ടികളും ഇതിനു കാരണമായിരിക്കാം.

ദഫ്‌ മുട്ടിന്റെ ഒരു പ്രദേശത്തിന്റെ തന്നെ കുലപതിയുടെ ശിഷ്യനും മകനുമായ ലത്വീഫ്‌ ഉസ്‌താദ്‌ ഏറെ വികാരവായ്‌പോടെയാണ്‌ തിരുനെല്ലുരിനെ കുറിച്ച്‌ സം‌സാരിച്ചത്.അച്ചടക്കമുള്ള ആത്മാര്‍പ്പണം ചെയ്‌ത ശിഷ്യ ഗണങ്ങള്‍ മാത്രമല്ല.അവരുടെ രക്ഷിതാക്കളുമായും ഉസ്‌താദിനുള്ള ആത്മബന്ധവും സം‌ഭാഷണത്തില്‍ നിഴലിട്ടു നില്‍‌ക്കുന്നുണ്ട്‌.ഉസ്‌താദിനെക്കുറിച്ചുള്ള ഓര്‍‌മ്മകള്‍ ശിഷ്യഗണങ്ങളില്‍ ചിലര്‍ പങ്കുവെച്ചപ്പോഴും ഒരു നിസ്വാര്‍ഥ സേവകനെക്കുറിച്ചുള്ള മതിപ്പും ആദരവും പ്രകടമായിരുന്നു.

ദഫില്‍ ശോഭിച്ച സമര്‍‌ഥരെ ഉസ്‌താദ്‌ ഇന്നും ഓര്‍‌മ്മയില്‍ സൂക്ഷിക്കുന്നു.അനസ്‌ ഉമര്‍,ബാഹിര്‍ മൂക്കലെ,ഷമീര്‍ അബ്‌ദുല്ലക്കുട്ടി,അഷ്‌കര്‍ സിദ്ധീഖ്‌ ഏര്‍‌ച്ചംവീട്ടില്‍, അന്‍‌സാര്‍ അബ്‌ദുല്ലക്കുട്ടി തെക്കെയില്‍,നാഷിദ്‌ ഷം‌സുദ്ധീന്‍ പുതിയപുരയില്‍,ഹിഷാം ഹം‌സക്കുട്ടി വടക്കന്റെകായില്‍,ഫഹദ്‌ പരീദ്‌,ഷാഹിദ്‌ ഹുസൈന്‍,ഷാഹിര്‍ അമ്പലത്ത് തുടങ്ങിയവര്‍ അതില്‍ പ്രഥമഗണനീയരാണ്‌.

ലത്വീഫ്‌ ഉസ്‌താദിന്റെ പകരക്കാരനായി ഉസ്‌താദിന്റെ വേഷത്തില്‍ ജൂനിയര്‍ തലമുറയെ വാര്‍ത്തെടുക്കാന്‍ അനസ്‌ ഉമറിന്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ മദ്രസ്സയിലെ ഓരോ ട്രോഫിയും വിളിച്ചു പറയുന്നുണ്ട്‌.ഒന്നുകില്‍ അനസിന്റെ നേതൃത്വത്തില്‍ നിന്നും നേടിയത്‌.അല്ലെങ്കില്‍ അനസിന്റെ ശിക്ഷണത്തിലൂടെ.എന്നതാണ്‌ ദഫ്‌ മുട്ടില്‍ കൊയ്‌ത പുരസ്‌കാരങ്ങളുടെ സവിശേഷത.

ദഫ്‌ മുട്ടിന്റെ മനോഹരമായ ഈരടികള്‍ക്ക്‌ ശബ്‌ദം നല്‍കിക്കൊണ്ടിരുന്നത് ഹം‌ദാന്‍ ഹം‌സക്കുട്ടി എന്ന പ്രതിഭയാണ്‌.മദ്രസ്സയിലൂടെയുള്ള അരങ്ങേറ്റത്തിലൂടെത്തന്നെയാണ്‌ ഈ അനുഗ്രഹീത കലാകരനെ തിരുനെല്ലൂരിന്‌ സ്വന്തമായതെന്നും അനസ്‌ ഉമര്‍ ഓര്‍മ്മിപ്പിച്ചു.തനിക്ക്‌ ലഭിച്ച അവസരങ്ങളെ സമര്‍ഥമായി ഉപയോഗപ്പെടുത്താനുള്ള കാലവും നാളും അഭിമാനത്തോടെ ഓര്‍‌മ്മയില്‍ സൂക്ഷിക്കുന്നുണ്ടെന്ന്‌ സുവനീര്‍ ടീമിനോടും ഹംദാന്‍ പങ്കുവെച്ചു.

ദഫിന്റെ ദുംദും ശബ്‌ദത്തെ ഹൃദയ താളമായി ലയിപ്പിച്ച്‌ പ്രേക്ഷരേയും ശ്രോതാക്കളേയും ആസ്വാദകരേയും നിശ്ചലമാക്കിക്കളയുന്ന പ്രതിഭകള്‍ തിരുനെല്ലുരിന്റെ അഭിമാനമാണ്‌.ഈ പ്രതിഭകള്‍ക്ക്‌ നേതൃത്വം കൊടുക്കാനുള്ള സുവര്‍‌ണ്ണാവസരം സിദ്ധിച്ച യുവ താരത്തിന്‌ ഗുരുമുഖത്ത്‌ നിന്ന്‌ ലഭിച്ച അംഗീകാരത്തെ മനസ്സിനോട്‌ ചേര്‍ത്തു വെച്ചായിരുന്നു അനസ്‌ ഉമര്‍ സം‌ഭാഷണത്തിന്‌ വിരാമമിട്ടത്‌.

പാലപ്പറമ്പില്‍ ഉമറിന്റെ രണ്ടാമത്തെ മകനാണ്‌ അനസ്‌ ഉമര്‍ എന്ന ഈ അനുഗ്രഹീത കലാകാരന്‍.ഇപ്പോള്‍ ദോഹയില്‍ ജോലി ചെയ്യുന്നു.

0 comments:

Post a Comment

Note: Only a member of this blog may post a comment.