Monday, July 20, 2020

പ്രതിഭകൾ, വിശേഷങ്ങൾ

ഫോട്ടൊ ഗ്രഫിയുടെ സൗന്ദര്യ ശാസ്ത്രത്തിൽ സ്വന്തം കൈയൊപ്പ് ചാർത്തിയ ഇംതിയാസ് ഇഖ്ബാൽ.പ്രകൃതിക്ക് മനുഷ്യനിൽ നിന്നും ഒന്നും തന്നെ പഠിക്കാനില്ല. പക്ഷെ, മനുഷ്യന് പ്രകൃതിയൊരുക്കി കാത്തുവെച്ചിട്ടുള്ളത് മഹാ സർവ്വകലാ ശാലയാണ്. ആ സർവ്വകലാ ശാലയിൽനിന്നും പഠിക്കാനും പകർത്താനും വേണ്ടുവോളം പ്രപഞ്ച നാഥൻ ഒരുക്കി വെച്ചിട്ടുമുണ്ട്.

പ്രൃകൃതിയുടെ മാസ്‌‌മ‌രികതയെ കുറിച്ചും മനോഹാരിതയെ  കുറിച്ചും കവികൾ പാടിയിട്ടുണ്ട്. പ്രകൃതിയുടെ ഹൃദയം തൊട്ടു കൊണ്ട് സാഹിത്യകാരന്മാർ തൂലിക ചലിപ്പിച്ചിട്ടുണ്ട്.  പ്രകൃതിയെ ചിത്രകാരന്മാർ തങ്ങളുടെ കാൻവാസിലേക്ക് യഥാവിധി പകർത്തിയതിന്റെ എത്രയോ അനുഭവ സാക്ഷ്യങ്ങളും നമുക്കു മുന്നിലുണ്ട്.

കാമറക്കണ്ണിലൂടെ മനുഷ്യ ജീവിതവും ഭൂമിയും കടലും ആകാശവും നക്ഷത്രങ്ങളും എന്നു വേണ്ട, എല്ലാമെല്ലാം ഒപ്പിയെടുത്ത കേരളത്തിലെ ഫ്രീലാൻസ് ഫൊട്ടൊ ഗ്രഫർമാർക്കിടയിലേക്ക് ഭാവനാസമ്പന്നനായ ഒരാൾ - ഇംതിയാസ് ഇഖ്ബാൽ തന്റെ ജീവൻ തുടിക്കുന്ന ഛായാചിത്രങ്ങളുമായി സാന്നിദ്ധ്യം അറിയിച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു.

അറ്റമില്ലാത്തവയാണ് വ്യക്തി ജീവിതത്തിലെ അഭിരുചികൾ.  മിയ്ക്കവാറും എല്ലാവർക്കും   ജന്മനാൽ തന്നെ വ്യത്യസ്‌തങ്ങളായ കഴിവുകൾ ഉള്ളവരായിരിക്കും. കല/ സാഹിത്യം / ശാസ്ത്രം / തുടങ്ങി ഏത് മേഖലയിൽ ആയിരുന്നാലും ജന്മനാലുള്ള കഴിവുകൾക്കപ്പുറം അതിനെ വളർത്തിയെടുത്ത് പരിപോഷിപ്പിച്ചവർ ആ മേഖലയിൽ വിജയം കൊയ്‌‌തിട്ടുണ്ട്. അല്ലാത്തവരും വിജയം വരിച്ചിട്ടുണ്ട്. സാഹചര്യങ്ങളാണ് അതിന് അവരെ പ്രാപ്‌‌തരാക്കുന്നത്.

ഇവിടെ ,  ഇംതിയാസ് എന്ന ചെറുപ്പക്കാരൻ ലോകത്തെ കാണുന്നത് തന്റെ കാമറക്കണ്ണിലൂടെയാണ്. ആ കാഴ്ചകൾക്ക് കാൽപനികതയുടെയും കാവ്യാത്മകതയുടെയും സ്പർ‌ശമുണ്ട്. എല്ലാവരും കാണുന്ന കാഴ്ച്ചക്കപ്പുറത്ത്, പ്രകൃതിയിൽ നിന്നും മനുഷ്യ ജീവിതങ്ങളിൽ നിന്നും ഒപ്പിടുക്കുന്ന ചിത്രങ്ങൾക്കരികിൽ സ്വന്തമായ ഒരു മേൽ വിലാസം കൂടി ചേർത്തു വയ്ക്കാൻ ഈ ഫോട്ടൊഗ്രഫർ കാണിക്കുന്ന കൈയൊതുക്കവും ഏകാഗ്രതയും പ്രശംസനീയമാണ്.

ഫോട്ടൊഗ്രഫിയിലേക്കുള്ള താൽപര്യത്തിന് ജാഅ്‌‌ഫർ എന്ന അമ്മാവനോടാണ് ഇംതിയാസ് കടപ്പെട്ടിരിക്കുന്നത്. വിദേശത്ത് ജോലിയുള്ള അദ്ദേഹം ഒരിക്കൽ അവധിക്കാലം കഴിഞ്ഞ് തിരികെ പോകുമ്പോൾ , കൈവശമുണ്ടായിരുന്ന കാമറ കൊണ്ടുപോയില്ല. ആ കാമറയോട് ഇംതിയാസിന് ഒരിഷ്‌‌ടം തോന്നുക മാത്രമല്ല, പ്രാഥമിക കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം ചില ചിത്രങ്ങൾ പകർത്തിയപ്പോൾ സ്വാഭാവികമായും അതിനോട് കൂടുതൽ അടുപ്പം തോന്നുകയും അതിലൂടെ ഫോട്ടൊഗ്രഫി എന്ന കല തനിക്ക് വഴങ്ങുമെന്ന ആത്മവിശ്വാസത്തോടെ  ഇംതിയാസ് കൂടുതൽ മിഴിവും വ്യത്യസ്‌‌തയുള്ള ചിത്രങ്ങൾ പകർത്തുവാനും  തുടങ്ങി.

തൃശൂർ കേരള വർമ്മ, സെന്റ് തോമസ്, വിമല, അൻസാർ, ദേവഗിരി, തേവര സേക്രട്ട് ഹാർട്ട്, രാജഗിരി, യു.സി. ആലുവ, തുടങ്ങി കേരളത്തിലെ മിക്കവാറും എല്ലാ കോളേജുകളിലും നടത്തപ്പെട്ട ഫോട്ടൊഗ്രഫി മത്സരങ്ങളിൽ ചുരുങ്ങിയ വർഷങ്ങൾക്കിടയിൽ 23 തവണയാണ് ഈ പ്രതിഭയുടെ കഴിവ് അംഗീകരിക്കപ്പെട്ടത്.അപൂർവ്വമായ പ്രതിഭയുള്ളവർക്കേ ഇത് സാധ്യമാകൂ. 2021ല്‍ മലയാള പുരസ്‌കാരം 1197 ഇം‌തിയാസിനെ തേടിയെത്തിയിരിക്കുന്നു.

23 വയസ്സിലേക്ക്‌ പ്രവേശിക്കുന്ന ഹൃസ്വമായ കാലയളവിൽ ഏതെങ്കിലും ഒരു മേഖലയിൽ ഇംതിയാസ് ഒന്നാം സ്ഥാനക്കാരനായത് 2018 ൽ 19-ാം വയസ്സിലാണ്. ആ ഒന്നാം സ്ഥാനം ലഭിച്ചത് ഫോട്ടൊ ഗ്രഫിയിലൂടെയും. പിന്നീടായിരുന്ന 23 ലേക്കുള്ള ആ ജൈത്രയാത്ര ...!

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇന്റർസോൺ കലാ മത്സരങ്ങൾ, സംസ്ഥാന സ്‌‌കൂള്‍ കലോത്സവ മത്സരങ്ങൾ തുടങ്ങി ഒട്ടേറെ വേദികളിൽ ഇംതിയാസിന്റെ കാമറയുടെ വെളിച്ചം മിന്നിത്തെളിഞ്ഞിട്ടുണ്ട്.

കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂരിൽ സംഘടിപ്പിക്കപ്പെട്ട മൊബൈൽ ഫോട്ടൊഗ്രഫി മത്സരത്തിൽ  ഈ മിടുക്കൻ രണ്ടാം രണ്ടാം സ്ഥാനം നേടിയിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനിൽ നിന്നാണ് ആ പുരസ്ക്കാരം അദ്ദേഹം ഏറ്റുവാങ്ങിയത്. പത്രപ്രവർത്ത യൂണിയന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ 250 ഫോട്ടൊഗ്രഫർമാരുടെ ചിത്ര പ്രദർശനത്തിൽ ഇംതിയാസിന്റെ ചിത്രവും ഉൾപ്പെട്ടിരുന്നു.

കോവിഡിനുമുമ്പുള്ള സ്‌‌കൂള്‍ കലോത്സവ വേദിയുടെ പുറം കാഴ്ച്ചകളിൽ നിന്നും ഇംതിയാസ് പകർത്തിയ ഉറങ്ങുന്ന അമ്മക്കരികിൽ ഉണർന്നിരിക്കുന്ന തെരുവ് ബാലികയുടെ  ശ്രദ്ധേയ മായ ചിത്രം വളരെ പ്രാധാന്യത്തോടെ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

കൺമുന്നിൽ കാണുന്ന കാഴ്ച്ചകളെ ഉൾക്കണ്ണുകളിൽ കണ്ട് നിമിഷങ്ങൾക്കുള്ളിൽ അതിനൊരു ഭാവുകത്വം രൂപപ്പെടുത്തി കാമറ കണ്ണിലൂടെ പകർത്തിയെടുക്കുന്ന ഇംതിയാസിന്റെ ജീവനുള്ള ഫോട്ടൊകൾക്ക് ഒട്ടേറെ കഥകൾ പറയാനുണ്ട്.ക്ലാസ്സ് മുറികളിലെ നിഷ്‌‌കളങ്ക ബാല്യങ്ങൾ മുതൽ വളരെയേറെ പ്രായം ചെന്ന വൃദ്ധർ വരെയുള്ള നിരവധിയായ ചിത്രങ്ങൾ .....

ഉള്ളിലെ ദുഃഖങ്ങൾ കത്തിയമർന്ന് ചാരമാകുമ്പോൾ നഷ്‌‌ടം സംഭവിക്കുന്നത് സിഗററ്റ് കച്ചവടക്കാരനല്ല എന്ന അടിക്കുറിപ്പിൽ ഇംതിയാസ്  പകർത്തിയ, പുകവലിച്ചു കൊണ്ടിരിക്കുന്ന ഒരാളുടെ  മനോഹരമായൊരു ചിത്രം അദ്ദേഹത്തിന്റെ ഫെയ്‌‌സ്‌ബുക്ക് പേജിൽ കണ്ടത് ഇപ്പൊഴും ജീവനോടെ ഉള്ളിലുണ്ട്.

പുലിക്കളി മത്സരത്തിൽ പങ്കെടുക്കാൻ പുലിയായി മാറിയ ഒരാൾ കണ്ണട ധരിച്ച് പുകവലിക്കുന്ന ചിത്രം, പ്രമുഖ സ്വർണ്ണവ്യാപാര സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ സിനിമാതാരം ദുൽഖർ സൽമാന്റെ വ്യത്യസ്ഥ ഭാവങ്ങളുടെ പകർപ്പുകൾ തുടങ്ങി ശ്രദ്ധേയങ്ങളായ ധാരാളം ചിത്രങ്ങൾ പകർത്തിയ , ഫോട്ടൊഗ്രഫി എന്ന  കലയിലെ ഭാവി പ്രതീക്ഷയായ ഇംതിയാസ്  വേത്തിൽ ഇഖ്ബാലിന്റെ മകനാണ്. എഡിറ്റിങ്ങിലും പ്രതിഭ തെളിയിച്ച ബി.എ. മൾട്ടിമീഡിയ ബിരുദമുള്ള ഇംതിയാസിന്റെ കാമറക്കണ്ണിലൂടെയുള്ള ഇന്ദ്രജാലങ്ങൾക്കായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം....

........

റഹ്‌മാന്‍ തിരുനെല്ലൂര്‍ 

Saturday, June 6, 2020

കിഴക്കേപുര അബൂബക്കർ മാസ്റ്റർ

തിരുനെല്ലൂർ കിഴക്കേപുര തറവാട്ടിൽ മുഹമ്മദ്‌ - ഹലീമ ദമ്പതികളുടെ മകനായി 1941 ൽ ജനനം, ജനിക്കുന്നതിന് മുന്നെ  അദ്ദേഹത്തിന്റെ ഉപ്പ മുഹമ്മദ്‌ മരണപെട്ടിരുന്നു. ഉപ്പയെ കാണാതെ ആയിരുന്നു പിന്നീട് അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതൽ ഉള്ള ജീവിത കാലഘട്ടം. 

കുറച്ചു സമയം കഴിഞ്ഞപ്പോൾ അബു  മാഷുടെ ഉമ്മയെ,  ഉമ്മ വീട്ടുകാർ അവരെ വേറെ ഒരാൾക്ക് വിവാഹം ചെയ്‌തു കൊടുത്തു (പാങ്ങിൽ ഉമ്മർ ഹാജി- ചിറക്കൽ ഹാജിയാരുടെ അനുജൻ ആണ് ഉമ്മർ ഹാജി) എന്ന വ്യക്തി ആണ് വിവാഹം കഴിച്ചത്. അതിന് ശേഷം കുട്ടി ആയ അബുവിനേയും, അദ്ദേഹത്തിന്റെ മൂത്ത ഒരു സഹോദരിയെയും വളർത്തുന്ന കടമ അബുമാഷുടെ ഉപ്പയുടെ ഉമ്മക്കും, വാപ്പയുടെ സഹോദരൻ കാദർ എന്നവരുടെയും ഉത്തരവാദിത്തത്തിൽ ആയി. പിന്നീട് പഠിച്ചതും വളർന്നതും എല്ലാം അവരുടെ സംരക്ഷണത്തിൽ ആയി നിന്നു  കൊണ്ടായിരുന്നു. 

തറവാട്ട് വീട്ടിൽ മാഷുടെ ഉപ്പയുടെ ഉമ്മയും,  മൂത്താപ്പയും  ആണ് അബു എന്ന അബു മാസ്റ്റർ തിരുനെല്ലൂരിൽ പിറവി എടുക്കാൻ വഴി തുറന്നു കൊടുത്തത്.

കുട്ടികാലത്ത് അബൂബക്കർ പഠിക്കുന്ന കാര്യത്തിൽ സ്കൂളിലും,  മദ്രസയിലും ഒരേ പോലെ ടാലെന്റ്റ് കാണിച്ചിരുന്നു. അത്‌ പോലെ സ്പോർട്സ് രംഗത്തും വളരെ അധികം തല്പരൻ ആയിരുന്നു. കാട്ടിൽ അബുക്ക പറയുന്നത് ഒരിക്കൽ  കേട്ടിട്ടുണ്ട്, അബു മാഷെടെ നീന്തൽ ആയിരുന്നു നല്ല പ്രൊഫെഷണൽ ആയ നീന്തൽ. പുള്ളിയുടെ നീന്തൽ  നോക്കി കണ്ട് ആ രീതിയിൽ നീന്താൻ  ഫോളോ ചെയ്തിരുന്നു എന്ന്. അത്‌ പോലെ ഷട്ടിൽ,  ഫുട്ബോൾ, ഓട്ടം, ചാട്ടം എന്ന് വേണ്ടേ എല്ലാ തുറകളിലും ഒരുപാട് സർടീഫികറ്റുകൾ പഠനകാലത്ത് കരസ്തമാക്കിയിട്ടുണ്ട്.

പത്താം ക്ലാസ്സ്‌ പരീക്ഷ റിസൾട്ട്‌ വന്നപ്പോൾ, അബൂബക്കർ നല്ല മാർക്കോടെ വിജയിച്ചു. പിന്നീട് എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്തി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ ശ്രമിക്കണം എന്നായി പുള്ളിയുടെ ചിന്ത.

അങ്ങനെയാണ് ടിടിസി കഴിഞ്ഞാൽ അധ്യാപകൻ ആവാം എന്ന് തിരിച്ചറിയുന്നത്. അത് പ്രകാരം ടിടിസി  ക്ക് അപ്‌ളെ ചെയ്യുന്നതും അതിൽ അഡ്‌‌മിന്‍ കിട്ടുകയും ചെയ്‌‌തു. 2 വർഷത്തെ കോഴ്സ് പൂർത്തീകരിച്ചു പുറത്തു വന്നു നിൽക്കുമ്പോൾ, തിരുനെല്ലൂർ എ.എം.എല്‍.പി സ്‌ക്കൂളില്‍ കുറച്ചു കാലം 1960 കാലഘട്ടത്തിൽ ലീവ് വേക്കൻസിയിൽ ജോലിയിൽ പ്രവേശിച്ചു. പക്ഷെ ജോലി പെർമെൻറ് ആയിരുന്നില്ല. അവിടെ കൂടുതൽ അദ്ധ്യാപകരെ അപ്പോൾ ആവശ്യം ഇല്ലാത്ത ഒരു സമയവും ആയിരുന്നു. 

അതിനിടക്ക് പി.എസ്‌സി ടെസ്റ്റ്‌ എഴുതി നിലമ്പൂർ ഗവണ്മെന്റ് യു.പി സ്‌ക്കൂളില്‍ സ്ഥിരമായുള്ള ജോലി കിട്ടി. അവിടെ 1962 സമയത്ത്  സ്ഥിരമായുള്ള ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സമയം, ഒന്നോ രണ്ടോ വർഷം പൂർത്തികരിച്ചു  കഴിയുമ്പോഴെക്കും വെന്മേനാട്  സ്‌‌ക്കൂള്‍ മാനേജർ മുഹമ്മദ്‌ ഹാജി പുതുതായി ഒരു സ്കൂൾ തുടങ്ങി എ.എ.എസ്‌.എം യു.പി സ്‌‌ക്കൂള്‍.  അവിടേക്ക്  ഒരു  ഹെഡ്‌‌മാസ്‌റ്ററെ തേടി കൊണ്ടിരിക്കുകയായിരുന്നു, അത്‌ ചെന്നെത്തിയത്  നിലമ്പൂർ യു.പി സ്‌ക്കൂളില്‍ ജോലി ചെയ്‌‌തു കൊണ്ടിരിക്കുന്ന അബു മാസ്റ്ററിൽ ആയിരുന്നു.

സ്കൂൾ മാനേജർ മുഹമ്മദ്‌ ഹാജിയുടെ ക്ഷണം സ്വീകരിച്ചു് നിലമ്പൂർ ഗോവർമെന്റെ സ്കൂളിൽ നിന്ന് റിസൈൻ ചെയ്തു വെന്മേനാട് UP സ്കൂളിലെ പ്രദാന അദ്ധ്യാപകൻ ആയി ജോലിയിൽ പ്രവേശിച്ചു. ഇത് തിരഞ്ഞെടുക്കാൻ കാരണം  പ്രദാനമായും രണ്ടു കാര്യമായിരുന്നു. ഒന്ന് വീടിന് അടുത്ത് നിന്നും ദിവസം പോയി വരാവുന്ന ഒരു  ജോലി,  രണ്ട് ഗവണ്മെന്റ് സ്കൂൾ ആയാൽ ഇടയ്ക്കിടെ സ്‌‌ക്കൂൾ മാറേണ്ടി വരും എന്നുള്ള ബുദ്ധിമുട്ട്.

വെന്മേനാട് സ്‌‌ക്കൂൾ ജോലി തുടർന്ന് പോയി കൊണ്ടിരിക്കുമ്പോൾ ആണ്, സ്‌‌ക്കൂൾ മാനേജർ മുഹമ്മദ്‌ ഹാജിയുമായി ഒരുമിച്ചു പ്രയത്‌‌നിച്ചു കൊണ്ട് ആ സ്‌‌ക്കൂൾ ഒരു ഹൈസ്‌‌ക്കൂൾ ആയി ഉയർത്തികൊണ്ട് ഗവണ്മെന്റ് ഉത്തരവ് നേടിയെടുക്കുകയും പിന്നീട് 1970 കൾക്ക് ശേഷം വെന്മേനാട്  എ.എ.എസ്‌.എം ഹൈസ്‌‌ക്കൂൾ ആയി മാറുകയും ചെയ്‌‌തു.

ഇപ്പോൾ അത് പ്‌‌ളസ് 2 അടക്കം ആയി കൊണ്ട്  വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌‌ക്കൂൾ ആയി മാറി കഴിഞ്ഞു. അത് ഇച്ഛാ ശക്തി ഉള്ള മാനേജ്‌‌മന്റിന്റെയും ആ നാട്ടിലെ  ജനങ്ങളുടെ കഴിവ് എല്ലാം തന്നെ എന്ന് പറയാം....

1994 ല്‍ അബു മാസ്റ്റർ വെന്മേനാട് സ്‌‌ക്കൂളിൽ നിന്ന് വിരമിച്ചു ഇപ്പോൾ വീട്ടിൽ തന്റെ പുരയിട കൃഷിയിലും മറ്റു ദൈനം ദിന കാര്യങ്ങളിലും വ്യാപൃനായി നീങ്ങി കൊണ്ടിരിക്കുന്നു...

വാൽ കഷ്‌ണം 

ഇന്നത്തെ കുട്ടികളെ ഓർമപെടുത്താൻ ഉള്ള ഒരു വലിയ പാഠം ഉണ്ട് ഈ കഥയിൽ. അബു മാസ്റ്റർ അന്നത്തെ കാലത്ത് അത്രയെങ്കിലും പഠിച്ചു ഉയർന്നത്തിലേക്ക് അദ്ദേഹത്തിന്റെ ഉപ്പ യുടെയോ ഉമ്മയുടേയോ ഒന്നും തന്നെ ശാസനയോ,  നിയന്ത്രണമോ ഒന്നും ഇല്ലാതെ  ഇല്ലാതെ സ്വന്തം ഇച്ഛാശക്തി കൊണ്ട് മാത്രം എത്തി ചേർന്നതാണ്.

ഇന്നത്തെ തലമുറയിലെ കുഞ്ഞുങ്ങൾക്ക് രക്ഷിതാക്കൾ എന്തെല്ലാം സുഖ സൗകര്യങ്ങൾ ചെയ്‌‌ത്‌ കൊടുത്തിട്ടും വിദ്യഭ്യാസ രംഗത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്താത്ത എത്ര മക്കൾ ഉണ്ട്...

വിവരണം
സുബൈർ അബൂബക്കർ
.............
തൊഴിൽ ചെയ്ത് സർക്കാറിൽ നിന്നുള്ള ശമ്പളം ലഭിച്ച,തിരുനെല്ലൂരിലെ ആദ്യത്തെ വ്യക്തി അബു മാഷ് തന്നെയായിരിക്കാം ...
വെന്മേനാട് സ്കൂളിലേക്ക് രാവിലെ ധൃതിയിൽ നടന്നു പോയിരുന്ന വെളുത്ത് സുന്ദരനായ അബു മാഷ് ഇന്നും സ്മരണയിലുണ്ട്. ഒരു കറുത്ത  ബേഗ് കയ്യിലോ കക്ഷത്തിലോ ഉണ്ടായിരിക്കും.സ്വതസിദ്ധമായ ചിരിയോടെയുള്ള അദ്ദേഹത്തിന്റെ സംസാര രീതിയും പ്രസിദ്ധമാണ്.വിദ്യാർത്ഥികളെ സ്നേഹിച്ച യഥാർത്ഥ അദ്ധ്യാപകൻ.
നമ്മുടെ നാട്ടിൽ നിന്നും ഒട്ടേറെ വിദ്യാർത്ഥികളെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തിൽ വന്മേനാട് സ്കൂളിൽ ചേർക്കപ്പെട്ടിട്ടുണ്ട്.പാടൂരിൽ നിന്നും തങ്ങന്മാർ ഉൾപ്പെടെയുള്ളവർ വേറെയും...

ആർ.കെ. ഹമീദ് കുട്ടി, അബൂ ഹനീഫ, തറയിൽ ഹനീഫക്ക,  മോനുട്ടി എന്ന ഖാലിദ്,ആർ.എ. അലിക്ക, മൂക്കലെ മജീദ്, പന്തപ്പുലാക്കൽ മുഹമ്മദാലി, മഞ്ഞിയിൽ ഉസ്മാൻ , മഞ്ഞിയിൽ അസീസ്, വി.കെ.അബ്ദുറഹ് മാൻ , ഹുസൈൻ (മദ്രസ്സപ്പടി), എ.എച്ച്.  ഹനീഫ (ഇപ്പോൾ വാകയിൽ താമസം ) , ( പേരുകൾ അപൂർണ്ണം)  ഇങ്ങനെ വലിയൊരു സംഘം തന്നെയാണ് അന്ന് വെൻമേനാട് സ്കൂളിലേക്ക് പോയിരുന്നത്.

ആ സ്കൂളിലെ വിദ്യാർത്ഥികളായതിന് ശേഷമാണ്  അദ്ധ്യാപകൻ എന്ന നിലക്ക് മറ്റുള്ള അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ അബു മാഷിനോടുള്ള സ്നേഹവും ബഹുമാനവും അദ്ദേഹത്തിന്റെ മഹത്വവും  മനസ്സിലാക്കാൻ സാധിച്ചത്.

റഹ്‌മാന്‍ പി

Wednesday, August 14, 2019

ഷറഫു ഹമീദ്‌

യുവാക്കള്‍‌ക്ക്‌ 'ഗള്‍‌ഫ്‌ ' ഹരം പകര്‍‌ന്നു കൊണ്ടിരുന്ന എമ്പതുകളുടെ ഒടുവില്‍ തൊണ്ണൂറുകളില്‍ ജോലി തേടി ദോഹയിലെത്തി.എന്തിനും ഏതിനും ഒരേയൊരാശ്രയമായിരുന്ന പഴയ ബിസ്‌മില്ലാ സൂഖില്‍ ഇരിടത്തരം സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചുകൊണ്ടായിരുന്നു ഷറഫു ഹമീദിന്റെ പ്രവാസ ജീവ്തത്തിന്റെ തുടക്കം.പണമിടപാടു കേന്ദ്രങ്ങള്‍ ഇറാന്‍ വം‌ശജര്‍ കുത്തകയാക്കിരുന്ന സന്ദര്‍‌ഭം.നല്ല കച്ചവടക്കണ്ണുള്ള ഇറാന്‍ വം‌ശജന്റെ പണമിടപാടു കേന്ദ്രത്തില്‍ കുറഞ്ഞ നാളുകള്‍‌കൊണ്ട്‌ മികച്ച സേവനം കാഴ്‌ചവെക്കാന്‍ കഴിഞ്ഞുവെന്നതായിരിക്കണം ഈ കര്‍‌മ്മ നിരതന്റെ വിജയം.ജോലിയില്‍ പ്രവേശിച്ച മൂന്നാം വര്‍‌ഷത്തില്‍ തന്നെ സ്ഥാപനത്തിന്റെ മുഖം തന്നെ മാറ്റിയെടുക്കാനുള്ള യജ്ഞങ്ങള്‍‌ക്ക്‌ അനുകൂല സാഹചര്യം സൃഷ്‌ടിച്ചെടുക്കാന്‍ സാധിച്ചതിലൂടെയായിരിക്കണം സിറ്റി ശ്രം‌ഖലയുടെ അഭിമാനകരമായ നേട്ടം.

ദോഹയുടെ പുരോഗതിക്കനുസരിച്ചുള്ള മുന്നേറ്റങ്ങള്‍ അവസരത്തിനൊത്ത്‌ മെനഞ്ഞെടുക്കുന്നതില്‍ ഉത്തരവാദപ്പെട്ടവരോടൊപ്പം ഇരിപ്പിടം ഉറപ്പിക്കുന്നതിലും ഈ ഊര്‍‌ജ്ജസ്വലന്‍ തിളങ്ങി.വിദൂര വിദ്യാഭ്യാസ സൗകര്യം യഥോചിതം പ്രയോജനപ്പെടുത്തി ഔദ്യോഗിക വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താനും ഇദ്ധേഹം അവസരം കണ്ടെത്തി.നിയോഗിക്കപ്പെട്ട ഇടങ്ങളില്‍ ആത്മാര്‍‌പ്പണം ചെയ്‌ത്‌ നിസ്വാര്‍‌ഥ സേവകനായി കര്‍‌മ്മ നിരതനായപ്പോള്‍ സഹ പ്രവര്‍‌ത്തകരുടെ സഹകരണത്തോടെ ഒരോ ഗോളും ലക്ഷ്യ സ്ഥാനത്തെത്തിക്കാന്‍ ഷറഫു ഹമീദിന്‌ കഴിഞ്ഞു.ഖത്തറില്‍ ഏറെ പ്രസിദ്ധമാര്‍‌ന്ന സിറ്റി എക്‌സേഞ്ച്‌ ശൃംഖലകളുടെ സി.ഇ.ഒ പദവിയ്‌ക്കൊപ്പം ഇതര മേഖലകളിലുള്ള പദവികളിലും ഷറഫു ഹമീദ് ഉപവിഷ്‌ടനാണ്‌.

ഔദ്യോഗികമായ തിരക്കുകള്‍‌ക്കിടയിലും സാമൂഹിക സേവന സം‌രം‌ഭങ്ങളിലും സജീവ സാന്നിധ്യമറിയിക്കാനും ഈ സഹൃദയന്‌ കഴിയുന്നുണ്ട്‌.ജില്ലാ പ്രാദേശിക തലങ്ങളിലുള്ള വിവിധ സന്നദ്ധ സംരം‌ഭങ്ങളില്‍ നിറ സാന്നിധ്യമാണ്‌.നിസ്വാര്‍‌ഥനായ ഈ സാമൂഹിക സേവകന്‌ വിവിധ രം‌ഗങ്ങളില്‍നിന്നും അം‌ഗീകാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്‌.പ്രദേശത്തെ സാമുഹ്യ സാം‌സ്‌കാരിക വൈജ്ഞാനിക വേദിയായ ഉദയം പഠനവേദിയുടെ പ്രാരം‌ഭ കാലത്ത്‌ തന്നെ ഇതിന്റെ സഹകാരിയും സഹചാരിയുമാണ്‌.തന്റെ ഗ്രാമത്തിലുള്ളവരുടെ പ്രവാസി സം‌ഘടനയായ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ സാരഥി കൂടെയാണ്‌ ഷറഫു ഹമീദ്‌.

റഹ്‌മാന്‍

തൃശൂര്‍ ജില്ലയിലെ തിരുനെല്ലൂരില്‍ ജനനം.പിതാവ്‌ പൂത്തോക്കില്‍ കുഞ്ഞുമോന്‍.മാതാവ്‌ ബീമക്കുട്ടി.വിദ്യാര്‍‌ഥിയിരിക്കെ തന്നെ കാലാസാഹിത്യ മേഖലയില്‍ മികച്ച പ്രതിഭ.തിരുനെല്ലൂര്‍ ഗ്രാമത്തിലെ കരുത്തരായ എഴുത്തുകാരില്‍ മുന്‍‌നിരയില്‍ നില്‍‌ക്കുന്ന റഹ്‌മാന്‍ വിദ്യഭ്യാസാനന്തരം 16 വർഷത്തോളം ഖത്തറിലെ അൽ നാസർ എഞ്ചിനീയറിങ്ങ് ഗ്രൂപ്പിൽ ജോലി ചെയ്തു.ഖത്തറില്‍ നിന്നും പ്രവാസം മതിയാക്കി നാട്ടിലെത്തിയതിനു ശേഷം ഗുരുവായൂരിലാണ്‌ താമസിക്കുന്നത്.സമുഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ കൃതികളുടെ കര്‍‌ത്താവാണ്‌ റഹ്‌മാന്‍.

പി.പത്മരാജന്‍ സ്‌മാരക കഥാ പുരസ്‌കാരം,ചെന്നൈ മലയാളി സമാജം അവാർഡ്,ഷാര്‍ജ അക്ഷരം സാഹിത്യ പുരസ്‌കാരം,തൃശൂർ എഴുത്തുപുര അവാർഡ് ,നവോത്ഥാന സംസ്‌കൃതിയുടെ നവോത്ഥാന ശ്രേഷ്‌ഠ സാഹിത്യ പുരസ്‌കാരം എന്നിവക്ക്‌ അര്‍ഹനായിട്ടുണ്ട്‌.റഹ്‌മാന്‍ തിരുനെല്ലുരിന്റെ കഥകള്‍ തമിഴിലേയ്‌ക്ക്‌ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്‌.

ആകാശവും തീരങ്ങളും,ആ ചക്രവാളം അകലെയാണ്‌,ദൃശ്യബിം‌ബങ്ങള്‍,രേഖയില്‍ വരച്ചത്‌,കഥയ്‌ക്കും പരേതര്‍‌ക്കുമിടയില്‍,രണ്ട്‌ കാലത്തില്‍ ഒരു ഗബ്രിയേല്‍,ജീവിതപ്പുരയിലെ നാലാം ഘട്ടം,മുയല്‍ കുഞ്ഞുങ്ങളെ കുറിച്ചുള്ള ആവലാധികള്‍,ജീവിതപ്പുരയിലെ നാലാം ഘട്ടം. തുടങ്ങിയ കഥകളും;അസ്‌തമയത്തിന്‌ മുമ്പ്‌,വീണ്ടും തളിര്‍‌ക്കുന്ന പൂക്കാലം,ഖബറുകള്‍,വഴിയമ്പലങ്ങള്‍,ചില നേരങ്ങളില്‍ പറക്കാനുള്ള ആകാശങ്ങള്‍ എന്നീ നോവലുകള്‍;പരിധിക്ക്‌ പുറത്തുള്ള കാര്യങ്ങള്‍ എന്ന നോവല്‍ സമാഹാരവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.

ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി, ഗുരുവായൂർ താവളം സാഹിത്യ വേദി കൺവീനർ, വ്യാപാരി വ്യവസായി സഹകരണ സംഘം വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചുകൊണ്ടിരിക്കുന്നു.

സഫിയയാണ്‌ ഭാര്യ.രിജാസ്‌,രിഹാസ്‌,റഫ്‌സി എന്നിവര്‍ മക്കളാണ്‌.

സൈനുദ്ദീന്‍

സൈനുദ്ദീന്‍ - തൃശൂര്‍‌ ജില്ലയില്‍ തിരുനെല്ലൂര്‍ സ്വദേശി കെ.വി.അബൂബക്കറിന്റെയും ഖുറൈശി സൈനബയുടെയും അഞ്ചുമക്കളില്‍ ഇളയത്‌.പ്രശസ്‌ത മാപ്പിളപ്പാട്ടു ഗായകന്‍ ഖുറൈശി ഗുല്‍‌ മുഹമ്മദ്‌ബാവ വല്ല്യുപ്പയും ഗായകന്‍ കെ.ജി സത്താര്‍ അമ്മാവനുമാണ്‌. പ്രദേശത്തെ പുവ്വത്തൂര്‍ പാവറട്ടി ഗുരുവായൂര്‍ ശ്രീകൃഷ്ണ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍‌ത്തീകരിച്ച്‌ പ്രവാസിയായി എമിറേറ്റ്‌സില്‍ കഴിയുന്നു.കലാലയ ജീവിതത്തില്‍തന്നെ കലാ സാഹിത്യ രം‌ഗത്ത് സജീവമായിരുന്നു.

പാരമ്പര്യമായി കിട്ടിയ സം‌ഗീത രം‌ഗത്തും സജീവമാണ്‌.മെഹ്‌റാന്‍,മാശാ അല്ലാഹ്‌ തുടങ്ങിയ ആള്‍‌ബങ്ങളുടെ രചനയും സം‌ഗീതവും നിര്‍‌വഹി്‌ച്ചത്‌ സൈനുദ്ധീന്‍ ഖുറൈശിയാണ്‌.ശ്രദ്ധേയങ്ങളായ ഒട്ടേറെ രചനകളുടെ കര്‍‌ത്താവാണ്‌.മികച്ച സാഹിത്യ സേവനത്തിനുള്ള 2010 ലെ സഹൃദയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.സോഷ്യല്‍ മീഡിയാ രം‌ഗത്ത്‌ സജീവമായ സൈനുദ്ധീന്റെ മുല്ലപ്പൂക്കള്‍ എന്ന ബ്ലോഗ്‌ ഏറെ പ്രസിദ്ധമാണ്‌.

ഞാന്‍ പ്രവാസിയുടെ മകന്‍,ഭ്രാന്തിന്റെ പുരാവൃത്തം,ഗ്രാമന്തരീക്ഷത്തെ ഭാവാതമകമായി അവതരിപ്പിച്ച ഖുറൈഷി പുരാണം തുടങ്ങിയ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.'ഞാന്‍ പ്രവാസിയുടെമകന്‍' എന്ന  കൃതി പ്രവാസി സാഹിത്യ മേഖലയില്‍  നന്നായി ചര്‍‌ച്ച ചെയ്യപ്പെട്ട ഒന്നാണ്‌. ഭാര്യ:ജാസ്‌മിന്‍.മക്കള്‍:- അകാലത്തില്‍ പൊലിഞ്ഞു പോയ സുഹൈല്‍,സര്‍‌മീന,സുഹൈറ.

Monday, April 17, 2017

താജുദ്ധീന്‍

കളിയും കളരിയും കരാട്ടെയും ജിമ്മും  തുടങ്ങിയ ആയോധന മുറകള്‍ കേവലം കായികാഭ്യാസമെന്നതിലുപരി ഒരു ഭ്രമമായി മനസ്സില്‍ സൂക്ഷിക്കുന്ന സ്ഥിരോത്സാഹിയാണ്‌ നാലകത്ത്‌ വടക്കന്റെകായില്‍ താജുദ്ധീന്‍.കായിക തിരുനെല്ലൂരിന്റെ എഴുപതുകളുടെ ഒടുക്കം മുതലുള്ള അടക്ക അനക്കങ്ങള്‍ മനപ്പാഠമെന്നോണം കണ്ണും ചിമ്മിപ്പറയുന്ന മറ്റൊരാള്‍ തിരുനെല്ലൂര്‍ ഗ്രാമത്തിലുണ്ടാകില്ല.കളിക്കളത്തില്‍ അധികമൊന്നും പരീക്ഷിച്ചിട്ടും പയറ്റിയിട്ടുമില്ലെങ്കിലും അണിയറയില്‍ സജീവമായിരുന്നു. 

കായിക വിനോദങ്ങളിലെ ഈ കമ്പക്കാരന്‍ മെയ്‌വ്ഴക്കമുള്ള കളരി അഭ്യാസിയും വിനയാന്വിതനായ  ബ്ലാക് ബല്‍‌റ്റുകാരനുമാണ്‌.പ്രസിദ്ധരായ പല ഗുരുക്കളുടെ ശിഷ്യത്വവും വരിച്ചിട്ടുണ്ട്.നാട്ടുകാരനായ തട്ടു പറമ്പില്‍ ഖാദര്‍ സാഹിബിന്റെ ശിഷ്യത്വത്തിലായിരുന്നു തുടക്കം.ഇബ്രാഹീം വടക്കന്റെകായിലിന്റെയും ഇബ്രാഹീം പുവ്വത്തുരിന്റെയും തിക്കൊടി ഗുരുക്കളുടേയും ശിഷ്യത്വത്തിലാണ്‌ കളരി അഭ്യസിച്ച്ത്‌. 

കളിയിലും കാര്യത്തിലും ഉറ്റസഹചാരിയായിരുന്ന ആത്മമിത്രം കൂടത്തെ അബ്‌ദുല്‍ മജീദിനൊപ്പം ജിമ്മിലും വ്യത്യസ്‌ത ക്ലാസ്സുകളില്‍ പങ്കെടുത്തിട്ടുണ്ട്‌.

സലാം തൊയക്കാവ്‌ അനില്‍ കുമാര്‍ കണ്ടശ്ശാങ്കടവ്‌ എന്നീ ഗുരുനാഥന്മാരുടെ ശിഷ്യത്വത്തിലായിരുന്നു കരാട്ടെ അഭ്യാസത്തിന്റെ പ്രാരം‌ഭം.
1985 ല്‍ പ്രവാസിയായി ഖത്തറിലെത്തിയപ്പോഴും കായിക ഭ്രമം കൈവെടിയാന്‍ താജുദ്ധീന്‍ തയ്യാറായില്ല.അങ്ങിനെ കരാട്ടെയിലെ പൂര്‍‌ത്തിയാക്കപ്പെടാത്ത ഭാഗം ദോഹയില്‍ നിന്നും പൂര്‍ത്തിയാക്കാന്‍ ഇദ്ധേഹത്തിന്‌ അനായാസം കഴിഞ്ഞു.നസീര്‍ വാടാനപ്പുള്ളി,ജബ്ബാര്‍ കണ്ണൂര്‍ എന്നീ ബ്ലാക്‌ ബെല്‍‌റ്റ് മാസറ്റര്‍മാരുടെ ശിഷ്യത്വത്തിലായിരുന്നു കരാട്ടെ   പഠനം പൂര്‍ത്തിയാക്കിയതും പട്ടങ്ങള്‍ ഓരോന്നും നേടിയതും. 

തൊണ്ണൂറുകളില്‍ ഖത്തറിലെ ആര്‍‌ട്ട്‌സ്‌ കള്‍ച്ചറല്‍ സെന്ററിലും തുടര്‍‌ന്ന്‌ മലയാളി സമാജത്തിലും ഇടവേളയില്‍ അസ്‌മഖിലും കരാട്ടെ അഭ്യസിപ്പിച്ചിരുന്നു.ഇതു വഴി നൂറുകണക്കിന്‌ വിവിധ ദേശ ഭാഷക്കാരായ ശിഷ്യഗണങ്ങളെ സമ്പാദിക്കാന്‍ ഈ കഠിനാധ്വാനിയ്‌ക്ക്‌ സാധിച്ചു. 

പ്രവാസം വെടിഞ്ഞ്‌ നാട്ടിലെത്തിയാല്‍ ആരോഗ്യമുള്ള പുതു തലമുറയെ രൂപപ്പെടുത്താനുള്ള ആലോജനയിലാണ്‌ ഈ അര്‍പ്പണബോധമുള്ള അഭ്യാസി.

പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാക്കാൻ കഴിവവുള്ളവണ്ണം ദീർഘങ്ങളാം കൈകളെ നൽകിയത്രേ മനുഷ്യരെപ്പാരിലയച്ചതീശൻ.എന്ന കവി വാക്യത്തെ അക്ഷരാര്‍ഥത്തില്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ വ്യക്തിത്വത്തിന്റെ വിഭാവനകള്‍ പൂവണിയുമാറാകട്ടെ.നമുക്ക്‌ പ്രാര്‍ഥിക്കാം.

Tuesday, April 11, 2017

ദഫിന്റെ തിരുനെല്ലുര്‍ പെരുമ

കേരളത്തിലെ വിശ്വാസികളുടെ ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് ദഫ് മുട്ട്. ദഫ് എന്നത് ഒരു പേർ‌ഷ്യൻ പദമാണ്. മരത്തിന്റെ കുറ്റി കുഴിച്ചുണ്ടാക്കി അതിന്റെ ഒരു വശത്ത് കാളത്തോൽ വലിച്ചുകെട്ടി വൃത്താകൃതിയിലാണ് ദഫ് നിർ‌മ്മിക്കുന്നത്. ഇതിന് ഏതാണ്ട് രണ്ടടി വ്യാസവും നാലോ അഞ്ചോ ഇഞ്ച് ഉയരവുമുണ്ടായിരിയ്ക്കും. പാശ്ചാത്യരാജ്യങ്ങളിൽ ആഘോഷവേളകളിൽ ഗാനാലാപനത്തോടൊപ്പം ദഫ് മുട്ടി ചുവടുവെയ്ക്കുന്ന പതിവുണ്ടായിരുന്നു. കേരളത്തിൽ ഇസ്‌ലാം‌ മതത്തിന്റെ പ്രചാരത്തിനു മുമ്പുതന്നെ റോമാക്കാരുടെ ആരാധനാലയങ്ങളിൽ ഈ കല പതിവുണ്ടായിരുന്നത്രേ.

അറബി ബൈത്തുകളോ അറബി-മലയാളസാഹിത്യത്തിലെ ഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ‌ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർ‌ന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ഇത് അവതരിപ്പിയ്ക്കുന്നത്.  പ്രാർ‌ത്ഥനയോടേയാണ് ഇത് ആരംഭിയ്ക്കുന്നത്. പതിഞ്ഞ ശബ്ദത്തോടെ ആരംഭിച്ച് മേളം ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നിങ്ങനെ വളരുന്നു.

ഈ കലാരൂപം റാത്തീബ്, നേർ‌ച്ചകൾ തുടങ്ങിയവയുടെ ഭാഗമായും വിവാഹം പോലെയുള്ള ആഘോഷവേളകളിലും അവതരിപ്പിക്കാറുണ്ട്. നബി(സ) മദീനയിൽ എത്തിയപ്പോൾ അൻസാറുകൾ (മദീനക്കാർ) ദഫ്ഫ് മുട്ടിയായിരുന്നു വരവേറ്റത് എന്ന് ചരിത്രം പറയുന്നു.

അറബനമുട്ട് . "അറബന" എന്ന വാദ്യോപകരണം കൈ കൊണ്ട് മുട്ടിയാണ് കളിക്കുന്നത്. റാത്തിബുകള്‍ക്ക് താളപ്രയോഗത്തിനാണ് അറബന ഉപയോഗിച്ചിരുന്നത്.മരച്ചട്ട കൊണ്ടാണ് അറബന നിര്‍മ്മിക്കുന്നത്.മരച്ചട്ടക്ക് ഒന്നര ചാണെങ്കിലും വിസ്താരമുണ്ടാകണം. അഞ്ച് ഇഞ്ചോളം വീതിയും കാണും. തോലു കൊണ്ടാണ് മരച്ചട്ട പൊതിയുന്നത്. ആട്ടിന്‍തോലോ മൂരിക്കുട്ടന്റെ തോലോ ഇതിന് ഉപയോഗിക്കും. പിത്തളവാറ് കൊണ്ട് കിലുക്കങ്ങളും കെട്ടും. ബൈത്തിന്റെ ഈണത്തിന് അനുസരിച്ച് ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ് കൊണ്ടാണ് കളിക്കുന്നത്.പതിഞ്ഞ ചലനങ്ങളോടെ തുടങ്ങി ക്രമേണ വേഗത കൂട്ടും. കളിയുടെ ഓരോ ഭാഗത്തിനും 'അടക്കം' എന്നു പറയും. ആശാനാണ് ബൈത്ത് ചൊല്ലിക്കൊടുക്കുന്നത്. കളിക്കാര്‍ അത് ഏറ്റുപാടും. കളിക്കാര്‍ കൈത്തണ്ട, മൂക്ക്, തോള്‍ തുടങ്ങിയ ശരീര ഭാഗങ്ങളില്‍ മുട്ടിയും തട്ടിയും ശബ്ദമുണ്ടാക്കും.അഭ്യാസ പ്രകടനത്താല്‍ ഊര്‍ജ്ജസ്വലമാണ് അറബന.

ദഫ്‌ മുട്ടില്‍ വലിയ സം‌ഭാവനകള്‍ നല്‍‌കിയ വ്യക്തിത്വത്തമാണ്‌ നൗഷാദ്‌ ഇബ്രാഹീം. വെന്മേനാട്‌ സ്‌കൂള്‍ തലം മുതല്‍‌ക്ക്‌ തന്നെ നൗഷാദ്‌ പ്രസിദ്ധനാണ്‌.നൗഷാദിനോടൊപ്പം പ്രശോഭിച്ച ഒരു സം‌ഘം തന്നെ തിരുനെല്ലൂരിലുണ്ട്‌.

പരീത്‌ ഉസ്‌താദിന്റെ മകന്‍ ലത്വീഫ്‌ ഉസ്‌താദിന്റെ ശിക്ഷണത്തില്‍ ദഫ്‌ മുട്ടില്‍ അം‌ഗീകരങ്ങള്‍ വാരിക്കൂട്ടിയതിന്റെ സന്തോഷം അനസ്‌ ഉമര്‍ പങ്കു വെച്ചു.വിവിധ വിദ്യാലയങ്ങളില്‍ ദഫ്‌ അഭ്യസിപ്പിച്ചിരുന്നെങ്കിലും തിരുനെല്ലൂരില്‍ 1997 മുതല്‍ എട്ടു വര്‍ഷം ആഹ്‌ളാദ ദായകമായിരുന്നെന്ന്‌ ലത്വീഫ്‌ ഉസ്‌താദ്‌ സുവനീര്‍ ടീമിനോട്‌ പങ്കു വെച്ചു.ചെറിയ വേതനമായിരുന്നെങ്കിലും തിരുനെല്ലൂര്‍ മദ്രസ്സാനുഭവം മറക്കാന്‍ കഴിയില്ല.ഒന്നാമതായി ബാവ ഉസ്‌താദിന്റെ സഹകരണവും സഹവര്‍ത്തിത്വവും ഒപ്പം അനുസരണ ശീലരായ അര്‍പ്പണ ബോധമുള്ള കുട്ടികളും ഇതിനു കാരണമായിരിക്കാം.

ദഫ്‌ മുട്ടിന്റെ ഒരു പ്രദേശത്തിന്റെ തന്നെ കുലപതിയുടെ ശിഷ്യനും മകനുമായ ലത്വീഫ്‌ ഉസ്‌താദ്‌ ഏറെ വികാരവായ്‌പോടെയാണ്‌ തിരുനെല്ലുരിനെ കുറിച്ച്‌ സം‌സാരിച്ചത്.അച്ചടക്കമുള്ള ആത്മാര്‍പ്പണം ചെയ്‌ത ശിഷ്യ ഗണങ്ങള്‍ മാത്രമല്ല.അവരുടെ രക്ഷിതാക്കളുമായും ഉസ്‌താദിനുള്ള ആത്മബന്ധവും സം‌ഭാഷണത്തില്‍ നിഴലിട്ടു നില്‍‌ക്കുന്നുണ്ട്‌.ഉസ്‌താദിനെക്കുറിച്ചുള്ള ഓര്‍‌മ്മകള്‍ ശിഷ്യഗണങ്ങളില്‍ ചിലര്‍ പങ്കുവെച്ചപ്പോഴും ഒരു നിസ്വാര്‍ഥ സേവകനെക്കുറിച്ചുള്ള മതിപ്പും ആദരവും പ്രകടമായിരുന്നു.

ദഫില്‍ ശോഭിച്ച സമര്‍‌ഥരെ ഉസ്‌താദ്‌ ഇന്നും ഓര്‍‌മ്മയില്‍ സൂക്ഷിക്കുന്നു.അനസ്‌ ഉമര്‍,ബാഹിര്‍ മൂക്കലെ,ഷമീര്‍ അബ്‌ദുല്ലക്കുട്ടി,അഷ്‌കര്‍ സിദ്ധീഖ്‌ ഏര്‍‌ച്ചംവീട്ടില്‍, അന്‍‌സാര്‍ അബ്‌ദുല്ലക്കുട്ടി തെക്കെയില്‍,നാഷിദ്‌ ഷം‌സുദ്ധീന്‍ പുതിയപുരയില്‍,ഹിഷാം ഹം‌സക്കുട്ടി വടക്കന്റെകായില്‍,ഫഹദ്‌ പരീദ്‌,ഷാഹിദ്‌ ഹുസൈന്‍,ഷാഹിര്‍ അമ്പലത്ത് തുടങ്ങിയവര്‍ അതില്‍ പ്രഥമഗണനീയരാണ്‌.

ലത്വീഫ്‌ ഉസ്‌താദിന്റെ പകരക്കാരനായി ഉസ്‌താദിന്റെ വേഷത്തില്‍ ജൂനിയര്‍ തലമുറയെ വാര്‍ത്തെടുക്കാന്‍ അനസ്‌ ഉമറിന്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ മദ്രസ്സയിലെ ഓരോ ട്രോഫിയും വിളിച്ചു പറയുന്നുണ്ട്‌.ഒന്നുകില്‍ അനസിന്റെ നേതൃത്വത്തില്‍ നിന്നും നേടിയത്‌.അല്ലെങ്കില്‍ അനസിന്റെ ശിക്ഷണത്തിലൂടെ.എന്നതാണ്‌ ദഫ്‌ മുട്ടില്‍ കൊയ്‌ത പുരസ്‌കാരങ്ങളുടെ സവിശേഷത.

ദഫ്‌ മുട്ടിന്റെ മനോഹരമായ ഈരടികള്‍ക്ക്‌ ശബ്‌ദം നല്‍കിക്കൊണ്ടിരുന്നത് ഹം‌ദാന്‍ ഹം‌സക്കുട്ടി എന്ന പ്രതിഭയാണ്‌.മദ്രസ്സയിലൂടെയുള്ള അരങ്ങേറ്റത്തിലൂടെത്തന്നെയാണ്‌ ഈ അനുഗ്രഹീത കലാകരനെ തിരുനെല്ലൂരിന്‌ സ്വന്തമായതെന്നും അനസ്‌ ഉമര്‍ ഓര്‍മ്മിപ്പിച്ചു.തനിക്ക്‌ ലഭിച്ച അവസരങ്ങളെ സമര്‍ഥമായി ഉപയോഗപ്പെടുത്താനുള്ള കാലവും നാളും അഭിമാനത്തോടെ ഓര്‍‌മ്മയില്‍ സൂക്ഷിക്കുന്നുണ്ടെന്ന്‌ സുവനീര്‍ ടീമിനോടും ഹംദാന്‍ പങ്കുവെച്ചു.

ദഫിന്റെ ദുംദും ശബ്‌ദത്തെ ഹൃദയ താളമായി ലയിപ്പിച്ച്‌ പ്രേക്ഷരേയും ശ്രോതാക്കളേയും ആസ്വാദകരേയും നിശ്ചലമാക്കിക്കളയുന്ന പ്രതിഭകള്‍ തിരുനെല്ലുരിന്റെ അഭിമാനമാണ്‌.ഈ പ്രതിഭകള്‍ക്ക്‌ നേതൃത്വം കൊടുക്കാനുള്ള സുവര്‍‌ണ്ണാവസരം സിദ്ധിച്ച യുവ താരത്തിന്‌ ഗുരുമുഖത്ത്‌ നിന്ന്‌ ലഭിച്ച അംഗീകാരത്തെ മനസ്സിനോട്‌ ചേര്‍ത്തു വെച്ചായിരുന്നു അനസ്‌ ഉമര്‍ സം‌ഭാഷണത്തിന്‌ വിരാമമിട്ടത്‌.

പാലപ്പറമ്പില്‍ ഉമറിന്റെ രണ്ടാമത്തെ മകനാണ്‌ അനസ്‌ ഉമര്‍ എന്ന ഈ അനുഗ്രഹീത കലാകാരന്‍.ഇപ്പോള്‍ ദോഹയില്‍ ജോലി ചെയ്യുന്നു.